പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ വീണ്ടും തനിച്ചാക്കി ജിന്‍സണ്‍ മടങ്ങി

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സന്‍ മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജിന്‍സണ്‍. അമ്പലവയൽ സ്വദേശിയാണ്.

അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റിരുന്നു. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.കല്‍പറ്റയിലെ വാടക വീട്ടില്‍ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജെന്‍സന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുന്‍പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുള്‍പൊട്ടലില്‍ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം.

Be the first to comment

Leave a Reply

Your email address will not be published.


*