100 ജിബി സൗജന്യ സ്റ്റോറേജുമായി ജിയൊക്ലൗഡ്

ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഡാറ്റ സ്റ്റോർ ചെയ്യാനും ഏത് ഡിവൈസില്‍ നിന്നും കൈകാര്യ ചെയ്യാനും സഹായിക്കുന്ന ഒന്നാണ്. ഏറ്റവും പരിചിതമായ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഗൂഗിള്‍ ഡ്രൈവും ആപ്പിള്‍ ഐക്ലൗഡും. ഇവയ്ക്ക് സമാനമായ നിരവധി സംവിധാനങ്ങള്‍ നിലവിലുണ്ട്. പലതും ഗൂഗിള്‍ ഡ്രൈവിനേക്കാളും ആപ്പിള്‍ ഐക്ലൗഡിനേക്കാളും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നവയുമാണ്. അതിലൊന്നാണ് ജിയൊക്ലൗഡ്.

ഗൂഗിള്‍ ഡ്രൈവിന് സമാനമാണ് ജിയോക്ലൗഡ്. ഫോട്ടോ, വീഡിയോ, ഡോക്യുമെന്റുകള്‍ തുടങ്ങി നിരവധി ഫയലുകള്‍ സ്റ്റോറുചെയ്യാനും ഓണ്‍ലൈനായി ആക്സസ് ചെയ്യാനുമാകും. അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎല്‍) 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് പ്രഖ്യാപിച്ചത്. ഇതോടെ പലരും ജിയോക്ലൗഡിലേക്ക് ചുവടുമാറ്റുകയും ചെയ്തു.

എന്താണ് ജിയൊക്ലൗഡ്, എങ്ങനെ ഉപയോഗിക്കാം?

ആർഐഎല്‍ നല്‍കുന്ന ക്ലൗഡ് സ്റ്റോറേജ് സേവനമാണ് ജിയൊക്ലൗഡ്. ജിയോ ഉപോയക്താക്കള്‍ക്കായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരോ റീചാർജ് പ്ലാനിനുമൊപ്പം ജിയോ ഉപയോക്താക്കള്‍ക്ക് അഞ്ച് ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും. ജിയൊ എഐ ക്ലൗഡിന്റെ സ്വാഗത ഓഫറായാണ് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാനമായ പ്ലാൻ ഗൂഗിളില്‍ ലഭിക്കണമെങ്കില്‍ പ്രതിവർഷം 1,300 രൂപ നല്‍കേണ്ടതുണ്ട്.

കമ്പനിയുടെ കണക്കുകള്‍ പ്രകാരം ജിയൊക്ലൗഡിന് ആറ് കോടിയോളം ഉപയോക്താക്കളുണ്ട്. 29,000 ടിബി ഡാറ്റയാണ് സ്റ്റോറുചെയ്യപ്പെട്ടിട്ടുള്ളത്. മറ്റേതൊരു ക്ലൗഡ് സ്റ്റോറേജിനെപ്പോലെയും സുരക്ഷിതമാണ് ജിയൊക്ലൗഡും. എഇഎസ് 256 എൻക്രിപ്ഷനാണുള്ളത്. ഡാറ്റ പരിരക്ഷയ്ക്കായി 256 ബിറ്റ് കീയാണ് ഉപയോഗിക്കുന്നത്. ജിയൊക്ലൗഡിന് കീഴിലുള്ള സർവറുകളെല്ലാം ഐഎസ്ഒ സർട്ടിഫൈഡും ഇന്ത്യയില്‍ സ്ഥിതിചെയ്യുന്നവയുമാണ്.

ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ്, മാക്ഒഎസ് എന്നിവയ്ക്കായി ജിയൊക്ലൗഡിന് പ്രത്യേക ആപ്ലിക്കേഷനുമുണ്ട്. ജിയൊക്ലൗഡ് ഉപയോഗിക്കുന്നതിനായി ഈ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുകയോ അല്ലെങ്കില്‍ jiocloud.com വഴി ആക്സസ് ചെയ്യാം.

ജിയൊക്ലൗഡിന്റെ ആൻഡ്രോയിഡ് വേർഷൻ ഇതിനോടകം തന്നെ സൗജന്യമാണ്. ലോഗിൻ ചെയ്യുന്നതിനായി ഒടിപി ഒതന്റിക്കേഷൻ മാത്രമാണ് ആവശ്യം. ഗൂഗിള്‍ ഡ്രൈവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയൊക്ലൗഡിന് ചില മുൻതൂക്കങ്ങളുണ്ട്. ചിത്രങ്ങളും വീഡിയോയും ഡോക്യുമെന്റുകളും തരംതിരിക്കാനാകും. ജിയൊക്ലൗഡിന്റെ മറ്റ് ഉപയോക്താക്കളുമായി ഫയലുകള്‍ പങ്കിടാനും കഴിയും.

ഓഫ്‌ലൈൻ ഫയല്‍‌സ് എന്ന പേരില്‍‌ പ്രത്യേകമായി ഫോള്‍ഡറുമുണ്ട്. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ ജിയൊക്ലൗഡില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയലുകള്‍ കൈകാര്യം ചെയ്യാനാകും. ഇൻ-ബില്‍റ്റായിട്ടുള്ള ഡോക്യുമെന്റ് സ്കാനറാണ് മറ്റൊരു സവിശേഷത.

Be the first to comment

Leave a Reply

Your email address will not be published.


*