മോദിയ്ക്ക് പ്രശംസയുമായി ജീവദീപ്തി മാസിക; തങ്ങളുടെ നിലപാടല്ലെന്ന് വരാപ്പുഴ അതിരൂപത

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ മുഖപത്രം വിവാദത്തില്‍. ജീവദീപ്തി മാസികയില്‍ പ്രസിദ്ധീകരിച്ച ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ ലേഖനമാണ് വിവാദത്തിന് തുടക്കമിട്ടത്.

സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും യുഡിഎഫിനെ പരിഹസിച്ചുമാണ് ഇന്ത്യയെ ആര് നയിക്കണം എന്ന ലേഖനം ജീവദീപ്തിയില്‍ പ്രസിദ്ധീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിമിനലുകളുടെ സങ്കേതമാണ്, അവര്‍ അവരുടെ പാര്‍ട്ടിക്കാരെ മാത്രമാണ് സേവിക്കുന്നത് എന്നും കുറ്റപ്പെടുത്തുന്ന ലേഖനം കോണ്‍ഗ്രസിലും പ്രതീക്ഷയില്ലെന്നും തുറന്നു പറയുന്നു. പുതിയ തലമുറ കോണ്‍ഗ്രസില്‍ നിന്ന് മാറി ചിന്തിക്കുന്നു. ഇന്ത്യ മുന്നണിക്ക് ദാര്‍ശനികമായ അടിത്തറയില്ല എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.

എന്നാല്‍, ബിജെപിക്ക് ഇനിയും അയിത്തം കല്പിക്കേണ്ടതില്ലെന്നും ലേഖനത്തില്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി പറയുന്നു. ബിജെപിയില്‍ അഴിമതിയില്ല എന്നുവേണം കരുതാന്‍ എന്ന് പറയുന്ന ലേഖനം പ്രധാനമന്ത്രിക്ക് വിദേശത്ത് സ്വീകാര്യതയും  വികസന പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അവകാശപ്പെടുന്നുണ്ട്. ബിജെപിക്ക് ഹിന്ദുത്വ അജണ്ടയുണ്ട്, എന്നാല്‍ നമ്മളെ പോലുള്ളവര്‍ കൂടുതലായി പാര്‍ട്ടിയിലെത്തിയാല്‍ ഹിന്ദുത്വ അജണ്ടയില്‍ മാറ്റം വരുത്തേണ്ടിവരും.

ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ലേഖനം പറയുന്നു. പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ ലേഖനം തള്ളി വരാപ്പുഴ അതിരൂപത രംഗത്തെത്തി. ജീവദീപ്തിയിലെ ലേഖനം ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് അതിരൂപതയുടെ നിലപാട്. ലത്തീന്‍ കത്തോലിക്ക സഭയ്ക്ക് ബി ജെ പി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവമാണെന്നും സഭാ വക്താവ് ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടി. കേരളത്തിലെ ലത്തിന്‍ സഭയുടെ രാഷ്ട്രീയ നിലപാട് ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്നും ജോസഫ് ജൂഡ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*