ഹരിയാനയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ച് ജെജെപി

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് അടിപതറുന്നു. നായബ് സിങ് സൈനി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ജന്‍ നായക് ജനതാ പാര്‍ട്ടി (ജെജെപി) ആവശ്യപ്പെട്ട് ഗവണറെ സമീപിച്ചു. ജെജെപി നേതാവ് ദുഷ്യന്ത് ചൗടാലയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു കത്തുനല്‍കിയത്.

പുന്ദ്രിയില്‍നിന്നുള്ള രണ്‍ധീര്‍ ഗോലന്‍, നിലോഖേരിയില്‍നിന്നുള്ള ധര്‍മപാല്‍ ഗോന്ദര്‍, ദാദ്രിയില്‍നിന്നുള്ള സോംബീര്‍ സിങ് സാങ്വാന്‍ എന്നിവരാണ് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ഹരിയാനയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന് ഭീഷണിയില്ലെന്നും 47 പേരുടെ പിന്തുണയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ അവകാശവാദം. ഈ സാഹചര്യത്തിലാണ് ദുഷ്യന്ത് ചൗടാല ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ സമീപിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കെ ഹരിയാനയില്‍ രൂപം കൊണ്ട രാഷ്ട്രീയ സാഹചര്യം ബിജെപി ക്യാപിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജെജെപി കോണ്‍ഗ്രസിനൊപ്പമാണെന്ന് ദുഷ്യന്ത് ചൗടാല കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ഹരിയാനയില്‍ ജെജെപിയെ കൂട്ടുപിടിച്ചായിരുന്നു ബിജെപി 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചത്. 40 സീറ്റ്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പത്ത് അംഗങ്ങളുണ്ടായിരുന്ന ജെജെപിയെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് ബന്ധം വഷളാവുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ഇതോടെയാണ് സായബ് സിങ് സൈനി മുഖ്യമന്ത്രിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*