ജോൺ മുണ്ടക്കയം പറഞ്ഞത് തിരുവഞ്ചൂരിന്റെ സ്ക്രിപ്റ്റ്, കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിനറിയാം; വെളിപ്പെടുത്തൽ തള്ളി ജോൺ ബ്രിട്ടാസ്

സോളാർ സമരവുമായി ബന്ധപ്പെട്ട ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്. ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീർപ്പിനായി വിളിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ കാണണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം കാണാൻ പോയിരുന്നു. താൻ പോയത് മധ്യമപ്രവർത്തകനായല്ല. സിപിഐഎമ്മിന്റെ ഭാഗമായാണ്. ചെറിയാൻ ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. ദയവ് ചെയ്ത് സമരം ഒത്തുതീർപ്പാക്കണമെന്ന് തിരുവഞ്ചൂർ തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭ്യർത്ഥന പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

എന്തു വിട്ടുവീഴ്ച ചെയ്തും സമരം അവസാനിപ്പിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ താൽപര്യം. അന്ന് മുഖ്യമന്തി ഉമ്മൻ ചാണ്ടിയെയും കണ്ടിരുന്നു. തിരുവഞ്ചൂരിന്റെ താല്പര്യ പ്രകാരമാണ് ഉമ്മൻചാണ്ടിയെ കണ്ടത്. പാർട്ടിയുടെ അറിവിടെയായിരുന്നു അത്. മാധ്യമ പ്രവർത്തകണെന്ന നിലയ്ക്കല്ല മുഖ്യമന്ത്രിയെ കണ്ടത്. ഉമ്മൻ ചാണ്ടിയെ കാണുമ്പോൾ കുഞ്ഞാലിക്കുട്ടിയും, തിരുവഞ്ചൂരും ഉണ്ടായിരുന്നു. ജുഡീഷണൽ അന്വേഷണം മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രണ്ടുദിവസം ക്യാബിനറ്റ് ചേർന്നാണ് തീരുമാനമെടുത്തതെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക മാത്രമല്ല, അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടുത്താമെന്ന് ഉമ്മൻചാണ്ടി സമ്മതിച്ചു. ആദ്യം വൈമുഖ്യം കാണിച്ചു, പിന്നീട് അംഗീകരിച്ചു. ജോൺ മുണ്ടക്കയത്തിന് യാതൊരു റോളുമില്ല. സമരം വൻ വിജയമായിരുന്നുവെന്ന് പിന്നീടുള്ള തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം ഇന്ന് രംഗത്തുവന്നിരുന്നു. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.

സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

സോളാർ സമരം ശക്തമായിരിക്കെയായിരുന്നു ഇടതുമുന്നണി സെക്രട്ടറിയേറ്റ് വളയൽ സമരം പ്രഖ്യാപിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടം പങ്കെടുത്ത സമരമെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു സെക്രട്ടറിയേറ്റ് സമരം. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം എന്നായിരുന്നു സമരത്തിൻ്റെ ആവശ്യം.

 

Be the first to comment

Leave a Reply

Your email address will not be published.


*