അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

കോട്ടയം: അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. തമിഴ്നാട്ടിലെ കമ്പം ടൗണിൽ ആരിക്കൊമ്പൻ എത്തിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനയെ ഇത്തരത്തിൽ മാറ്റിവിടുക എന്നത് വിദേശരാജ്യങ്ങളിൽ അടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി പറ‍ഞ്ഞു.

വന്യമൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിഭ്രാന്തി സൃഷ്ടിക്കുന്ന ആനകളെ പിടികൂടി മെരുക്കുകയാണ് വേണ്ടത്. ജനവാസകേന്ദ്രവുമായി ബന്ധപ്പെടാൻ സാധിക്കാത്ത സുരക്ഷാ വലയമുള്ള വന്യജീവി കേന്ദ്രത്തിലേക്ക് ആനയെ മാറ്റണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തി. നടരാജ കല്യാണമണ്ഡപത്തിന് പുറകിൽ വരെ അരിക്കൊമ്പൻ എത്തി. ആന കമ്പം ടൗണിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇതിൽ ഒരാള‍ുടെ നില ഗുരുതരമാണ്.


Be the first to comment

Leave a Reply

Your email address will not be published.


*