കോട്ടയം : ആഗോള വിപണിയിലുള്ള റബർ വില കർഷകർക്ക് ഉറപ്പാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി കത്തയച്ചു. ആഗോള വിപണിയിൽ 216 രൂപയാണ് സ്വാഭാവിക റബറിന്റെ വില. ആഭ്യന്തരവിപണിയിൽ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലയിലെ ഈ വിത്യാസം റബർ കർഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്. റബർ വില പൂർണ്ണമായും നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാർ ഏർപ്പെടുന്ന അന്താരാഷ്ട്രകരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും മാത്രം ആശ്രയിച്ചാണ് ഇന്ത്യയിൽ റബറിന്റെ വില തീരുമാനിക്കപ്പെടുന്നത്. ആഗോളവിപണിയിൽ ലഭിക്കുന്ന ഉയർന്ന വില കർഷകർക്ക് ലഭിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വമായി രാജ്യത്തിനകത്ത് റബർ വില ഇടിച്ചുതാഴ്ത്തുകയാണ്.
അനിയന്ത്രിതമായി റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്നതുമൂലമാണ് രാജ്യത്തിനകത്ത് സ്വാഭാവിക റബറിന്റെ വിലയിടിയുന്നത്. 2022-23 ൽ മാത്രം 5.28 ലക്ഷം ടൺ സ്വാഭാവിക റബറാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇത്തരം കർഷവിരുദ്ധനടപടികൾ കാരണം റബർ കർഷകന്റെ ജീവിതം അനുദിനം ദുരിത പൂർണമായിത്തീർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആഗോള വിപണിയിൽ സ്വാഭാവിക റബറിനുള്ള വിലയെങ്കിലും കർഷകന് ഉറപ്പാക്കാനുള്ള ധാർമ്മികമായ ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. ഇക്കാര്യം നിരന്തരം കേരളകോൺഗ്രസ് (എം) പാർട്ടി കേന്ദ്ര സർക്കാരിന് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഇപ്പോൾ ആവശ്യപ്പെടുന്നത്. ന്യായമായ ഈ ആവശ്യം നടപ്പായില്ലെങ്കിൽ റബർ കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുകയും റബർ അധിഷ്ഠിത സമ്പത് വ്യവസ്ഥ സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നും ജോസ് കെ മാണി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
Be the first to comment