മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താൽ അന്നുതന്നെ ജാമ്യത്തിൽ വിടണമെന്നാണ് ജസ്റ്റിസ് സോഫി തോമസിൻ്റെ ഉത്തരവ്. നിലവിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം പൂർത്തിയായിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ അറസ്റ്റ് ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.

22 ന് ശേഷം ഏത് ദിവസം വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകനും വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകിയത്. ദുരുദ്ദേശ്യത്തോടെയല്ല ഇടപെട്ടതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൊലീസ് കേസെടുത്തതെന്നുമാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. മകളുടെ വിവാഹം 17ന് ഗുരുവായൂരില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങ് തടസപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊലീസ് കേസെടുത്തതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*