ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്നു; ജോയ് മാത്യു

കോഴിക്കോട്: താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ലെന്നും കമ്മ്യൂണിസം നല്ലൊരു സങ്കൽപമാണെന്നും നടൻ ജോയ് മാത്യു. താൻ ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ ജോയ് മാത്യു കമ്മ്യൂണിസം ഇല്ലാത്ത ഒരു കാര്യമാണെന്നും ഉണ്ടെന്നു പറയുന്നതിനോടാണ് തനിക്ക് വിയോജിപ്പെന്നും പറഞ്ഞു. മാർക്സിസം മാറിക്കൊണ്ടിരിക്കുകയാണ്. വിപ്ലവകാരികളായ സ്ഥാനാർത്ഥികൾ അമ്പലത്തിൽ പോയി കുമ്പിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ഗുണ്ടായിസമാണ് അരങ്ങേറുന്നത്. എതിർക്കുന്നവനെ ഇല്ലാതാക്കും. ബോംബ് രാഷ്ട്രീയത്തോട് ആർക്കും താത്പര്യമുണ്ടാകില്ല. ടിപി വധത്തിലുൾപ്പെട്ടവരെ ട്രീറ്റ് ചെയ്ത രീതി കണ്ടിട്ടില്ലേ. സിദ്ധർത്ഥനെ കെട്ടിത്തൂക്കിയ ഒരു വിദ്യാർത്ഥിസംഘടനയെ കൊണ്ടുനടക്കുന്ന പാർട്ടിയെ താനെങ്ങനെ സ്നേഹിക്കുമെന്നും ജോയ് മാത്യു ചോദിച്ചു. ഒരു ഭാഗത്ത്‌ പൊതിച്ചോറും മറുഭാഗത്ത്‌ ബോംബുമാകുമ്പോൾ പൊതിച്ചോറിൻ്റെ വില നഷ്ടപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു.

ജോയ് മാത്യുവിൻ്റെ വാക്കുകൾ

ഓരോരുത്തർക്കും രാഷ്ട്രീയമുണ്ട്. പുറമെ കാണിക്കുന്നില്ലയെന്നേയുള്ളൂ. അത് പേടിച്ചിട്ടാണ്. എനിക്ക് പേടിയില്ല. ഞാൻ ഇൻഡ്യ സഖ്യത്തെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. കമ്മ്യൂണിസം നല്ലൊരു സങ്കൽപ്പമാണ്. അതില്ലാത്തൊരു കാര്യമാണ്. ഉണ്ടെന്നുപറയുന്നതിനോടാണ് എനിക്ക് വിയോജിപ്പ്. മാർക്സിസം ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. വിപ്ലവകാരികളായ സ്ഥാനാർത്ഥികൾ അമ്പലത്തിൽ പോയി കുമ്പിട്ടിരിക്കുകയാണ്. എനിക്കുതന്നെ ചിരിവരും. ചാൻസ് കിട്ടിയാൽ നിസ്കരിക്കും. അതിപ്പോഴൊന്നുമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശിവൻകുട്ടി കുമ്പിട്ട് നിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിണറായി വിജയൻ ഇന്നുവരെ എപ്പോഴെങ്കിലും നരേന്ദ്രമോദിയുടെ പേരെടുത്തു പറഞ്ഞു വിമർശിച്ചിട്ടുണ്ടോ? മോദിയും പിണറായിയും തമ്മിൽ അഡ്ജസ്റ്റ്മെന്റിലാണ്. കേരളത്തിൽ ഗുണ്ടായിസമാണ്. എതിർക്കുന്നവനെ ഇല്ലാതാക്കും.

എത്രയെത്ര ഉദാഹരണങ്ങളുണ്ട്. ബോംബ് രാഷ്ട്രീയത്തോട് ആർക്കും താത്പര്യമുണ്ടാകില്ല. ടിപി വധത്തിലുൾപ്പെട്ടവരെ ട്രീറ്റ് ചെയ്ത രീതി കണ്ടിട്ടില്ലേ. സിദ്ധർത്ഥനെ കെട്ടിത്തൂക്കിയ ഒരു വിദ്യാർഥിസംഘടനയെ കൊണ്ടുനടക്കുന്ന പാർട്ടിയെ ഞാനെങ്ങനെ സ്നേഹിക്കും. ഒരു ഭാഗത്ത്‌ പൊതിച്ചോറും മറുഭാഗത്ത്‌ ബോംബുമാകുമ്പോൾ പൊതിച്ചോറിൻ്റെ വില നഷ്ടപ്പെടും. പ്രകോപിപ്പിക്കാനായി പലതരം കമന്റുകൾ പലരും ഇടാറുണ്ട്. കഞ്ചാവാണ് എന്നതുൾപ്പെടെ. പക്ഷെ അതൊന്നുമെന്നെ ബാധിക്കാറേയില്ല. കമന്റ് ഞാൻ വായിക്കാറില്ല . പഴയ കോൺഗ്രസ് കുതുകാൽവെട്ടും അധികാര മോഹവുമൊക്കെ ഉള്ളതായിരുന്നു. ഇപ്പോഴങ്ങനെയല്ല.

ചരിത്ര ബോധമുള്ള ഒത്തിരിപ്പേരുണ്ട് യുവതലമുറയിൽ. രാഹുൽ ഗാന്ധിയിലാണ് എൻ്റെ പ്രതീക്ഷ. തിരുവനന്തപുരത്ത്‌ ശശി തരൂർ ജയിക്കും. മറ്റെയാൾ കെട്ടിയിറക്കിയ ഒരാളാണ്. കൊല്ലത്ത്‌ പ്രേമചന്ദ്രൻ ജയിക്കും. തൃശൂർ നല്ല മത്സരം നടക്കും. വി എസ് സുനിൽകുമാർ നല്ല സ്ഥാനാർത്ഥിയാണ്. വടകര ഷാഫി പറമ്പിൽ ജയിക്കുമെന്നുറപ്പാണ്. അവിടെ നല്ല മത്സരമായി മാറിയേനെ. കെകെ ശൈലജ ടീച്ചർ നല്ലൊരു സ്ഥാനാർത്ഥിയാണ്. പക്ഷെ അവർ പരാജയപ്പെടുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്. എന്നാലേ അടുത്തതവണ എംഎൽഎ ആയി മത്സരിക്കാനാകൂ. എന്നാലേ മുഖ്യമന്ത്രി പദത്തിലെത്തൂ.

Be the first to comment

Leave a Reply

Your email address will not be published.


*