
സിനിമാ വ്യവസായം വലിയ തകര്‍ച്ച നേരിടുന്ന ഒരു കാലത്ത് റിലീസ് ദിനത്തില്‍ തന്നെ ഒരു ചിത്രം വന്‍ മൗത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസ് വിജയം ഉറപ്പിക്കുക. ഏതൊരു സംവിധായകനും നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയമാണ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ചുരുങ്ങിയ വാക്കുകളില്‍ പ്രേക്ഷകര്‍ക്ക് ഈ വിജയത്തിലുള്ള നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.
“ഒരായിരം നന്ദി, മലയാളികൾ എഴുതിയ ഗംഭീര തിരക്കഥക്ക് സംവിധാനം ചെയ്യാൻ അവസരമൊരുക്കിയതിന്. സ്നേഹം, ബഹുമാനം, ആദരവ്”, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണവും ഹൗസ് ഫുൾ ഷോകളുമാണ് ലഭിക്കുന്നത്. താരതമ്യേന കുറഞ്ഞ പ്രീ-റിലീസ് പ്രൊമോഷനോടെ എത്തിയ ചിത്രം തിയേറ്ററുകളിൽ ആളെ കയറ്റുന്നുണ്ട്. 2018ൽ കേരളം അതിജീവിച്ച പ്രളയമാണ് സിനിമയുടെ പ്രമേയം. ‘എവരി വൺ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനിൽ ആണ് സിനിമ എത്തിയത്.
ഔദ്യോഗിക കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും 1.85 കോടി രൂപ ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ ചിത്രത്തിന് നേടാനായി എന്നാണ് ട്വിറ്ററിൽ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് തിയേറ്ററുകളിൽ ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച വാരാന്ത്യ കളക്ഷൻ ജൂഡ് ആന്റണി ചിത്രത്തിന് സാധ്യമാകും എന്നാണ് വിലയിരുത്തൽ.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വലിയ താരനിര ചിത്രത്തിൻ്റെ ഭാഗമാണ്. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. നോബിൻ പോൾ സംഗീതവും, വിഷ്ണു ഗോവിന്ദൻ സൗണ്ട് ഡിസൈനും നിർവ്വഹിച്ചു.
Be the first to comment