കേരള ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ കര്‍ണാടകയിലേക്ക്; മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനുശിവരാമനുൾപ്പെടെ 3 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റി. അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് സുജോയ് പോൾ എന്നിവരാണ് മറ്റ് രണ്ട് പേർ. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെയും അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തതത്.

ചൊവ്വാഴ്ച നടന്ന കൊളീജിയം യോഗത്തിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരാണ് പങ്കെടുത്തത്. വ്യക്തിപരമായ കാരണങ്ങളാൽ കൽക്കട്ടയിലെ ഹൈക്കോടതിയിൽ നിന്ന് മറ്റേതെങ്കിലും ഹൈക്കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് തെലങ്കാന ഹൈക്കോടതിയിലേക്കാണ് മൗഷുമിയെ മാറ്റിയത്. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുജോയ് പോളിനെ തെലങ്കാന ഹൈക്കോടതിയിലേക്കാണ് മാറ്റിയത്.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാൽ സീനിയോറിറ്റിയിൽ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് അനു. 2015 ഏപ്രിൽ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അവർ നിയമിതയാകുന്നത്. 2017ൽ സ്ഥിരം ജഡ്ജിയായി. 2028 മെയ് 24 വരെ ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് അനു ശിവരാമന് കാലാവധിയുണ്ട്.

കർണാടക ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് പി എസ് ദിനേശ് കുമാർ അഡീഷണൽ ജഡ്ജിയായി നിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോറിറ്റിയിൽ രണ്ടാമനായ കെ. സോമശേഖർ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത് 2016 നവംബറിലാണ്. ജസ്റ്റിസ് അനു ശിവരാമൻ ചുമതലയേൽക്കുന്നതോടെ കർണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവർ മാറും.

കാസർകോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി ശിവരാമൻ നായരുടെ മകളാണ്. 1991ൽ അഭിഭാഷകയായി എന്റോൾ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമൻ. 2010-11 കാലയളവിൽ സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*