ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി ഒരാഴ്ച സമയം നല്‍കി.

റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. അരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. വിമന്‍ ഇന്‍ കലക്ടീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് എങ്ങനെയാണ് ഹര്‍ജിക്കാരനെ ബാധിക്കുകയെന്ന് വ്യക്തമല്ല. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിര്‍ദേശം റിപ്പോര്‍ട്ടില്‍ തന്നെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*