ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും ; തീരുമാനം ഹൈക്കോടതി ഉത്തരവിന് പിന്നാലെ

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചും ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പുറത്ത് വിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധപ്പെടുത്തുക. അഞ്ചുവർഷമായി പുറത്തുവിടാതിരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് കേരള ഹൈക്കോടതി ഓഗസ്റ്റ് 13ന് ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ കാലാവധിയും കോടതി നിശ്ചയിച്ചിരുന്നു.

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം, ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് സിനിമ നിർമാതാവ് സജിമോൻ പാറയിൽ കോടതിയെ സമീപിച്ചത്. ഇതോടെ പ്രസിദ്ധീകരിക്കാനുള്ള നടപടി നിർത്തി വച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു സജിമോൻ കോടതിയിൽ വാദിച്ചു. എന്നാൽ അപ്പീൽ കോടതി തള്ളിയതോടെയാണ് കാലങ്ങൾക്ക് ശേഷം റിപ്പോർട്ട് പരസ്യമാകുന്നത്.

റിപ്പോർട്ട് തേടി വിവരാവകാശ കമ്മിഷനെ സമീപിച്ച മാധ്യമപ്രവർത്തകർ അടക്കം അഞ്ചു പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാനായിരുന്നു തീരുമാനം. 233 പേജ് ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗമാണ് കൈമാറുക. അഞ്ച് പേരും റിപ്പോർട്ടിന്റെ പകർപ്പിനുള്ള തുകയായ 699 രൂപ വീതം ട്രഷറിയിൽ അടച്ചിട്ടുണ്ട്. വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങളുണ്ടെങ്കിൽ അതൊഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധീകരിക്കുക.

2019 ഡിസംബർ 31 നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ കമ്മിറ്റി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. 2017ലെ നടിയെ അക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പഠിക്കുന്നതിന് ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. അതേവർഷം ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായും മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി സർക്കാർ രൂപീകരിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*