
ഉപതെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വയനാട്ടിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ ഭൂരിപക്ഷം നേടാനായി. പോളിംഗ് ശതമാനം കുറഞ്ഞിട്ടും വലിയ ഭൂരിപക്ഷം നേടാനായി. വയനാട് പ്രിയങ്ക ഗാന്ധിയെ ഹൃദയംകൊണ്ട് സ്വീകരിച്ചതിന് തെളിവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പോളിംഗ് ശതമാനം കുറഞ്ഞത് ബാധിച്ചത് ഇടതുപക്ഷത്തെയും ബിജെപിയെയും ആണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
പാലക്കാട് വിജയം നൽകുന്നത് വലിയ സന്ദേശമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. നേമത്തിനുശേഷം ജയിക്കാൻ പോകുന്ന മണ്ഡലമായി ബിജെപി കണക്കാക്കിയതാണ്. ബിജെപി ശക്തി കേന്ദ്രങ്ങളിൽ വിള്ളൽ ഉണ്ടാക്കി നേടിയ വിജയമാണ് പാലക്കാട് ഉണ്ടായത്. കേരളത്തെ ഹൈജാക്ക് ചെയ്യാനായി ക്വട്ടേഷനുയി വരുന്നവർക്കുള്ള മറുപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയുടെ വിജയമായി ചിത്രീകരിക്കുന്നത് തമാശയെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ചേലക്കരയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന സിപിഐഎം വാദം വലിയ അപകടത്തിലേക്ക് കൊണ്ടു പോകുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. എതിരായ വോട്ടുകളുടെ കാര്യം സിപിഎം പരിശോധിക്കുമെന്ന് കരുതുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ രാഷ്ട്രീയം മറന്ന് സംസാരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ പരാജയം അവിശ്വസനീയമെന്ന് കെസി പ്രതികരിച്ചു. പരാജയം പരിശോധിക്കും. ബി ജെപി പോലും പ്രതീക്ഷിക്കാത്ത വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. വലിയ പണമൊഴുക്ക് ഉണ്ടായി. ഇന്ത്യ സഖ്യം ഇത്രത്തോളം താഴെ പോകാനിടയാകുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഝാർഖണ്ഡിലും പാർട്ടിക്ക് നല്ല വിജയം ഉണ്ടായി. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് നേടിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
Be the first to comment