ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ടൂറിസത്തിന്‌, ‘കെ ഹോം’ പദ്ധതി വരുന്നു

സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതിക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക.

വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും- മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആള്‍ത്താമസം ഇല്ലാതെ നിരവധി വീടുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഇത്തരം വീടുകളെ ടൂറിസ്റ്റുകള്‍ക്കുളള താമസ സൗകര്യമൊരുക്കുന്നതിനായി ഉപയോഗപ്പെടുത്തുക എന്നതാണ് കെ ഹോംസ് പദ്ധതിയുടെ ആശയം. സമാനമായ പദ്ധതികള്‍ ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് സ്വീകരിച്ച് നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ പിന്തുടര്‍ന്ന് കൊണ്ടാണ് സംസ്ഥാനം കെ ഹോംസ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. വലിയ ചിലവ് വരുന്ന റിസോര്‍ട്ട് പോലുളള താമസ സൗകര്യങ്ങള്‍ക്ക് പകരം മിതമായ നിരക്കില്‍ വിനോദ സഞ്ചാരികള്‍ക്ക് താമസം ഒരുക്കാന്‍ ഇതോടെ സാധിക്കും.

വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*