‘എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കൾ കൊലവാൾ താഴെവെക്കുക’; കെ.കെ രമ

സിപിഐഎം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയെന്ന് കെ.കെ.രമ എം.എല്‍.എ. എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കള്‍ കൊലവാള്‍ താെഴ വെക്കാൻ തയ്യാറാവുക എന്നും രമ ചോദിച്ചു. ടി.പി വിധത്തിനുശേഷം പാർട്ടി നേതാക്കള്‍ വീണ്ടും കൊലപാതകത്തിനിറങ്ങിയെന്നും രമ ചൂണ്ടിക്കാട്ടി.

സി.ബി.ഐ കോടതി വിധി സി.പി.ഐ.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട വലിയ ഗൂഢാലോചനയാണ് നടന്നത്. അതിനാലാണ് സി.ബി.ഐ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തതെന്നും കെ.കെ. രമ പ്രസ്താവിച്ചിരുന്നു.ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഐഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*