കേരള രാഷ്ട്രീയത്തിന്റെ അതികായന്‍; കെ എം മാണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വയസ്

കേരള രാഷ്ട്രീയത്തിന്റെ അതികായനായിരുന്ന കെ എം മാണി ഇന്നും  അസാന്നിധ്യത്തിലും ‘നിറസാന്നിധ്യ’ മായി  രാഷ്‌ട്രീയ വേദികളിൽ നിറയുന്നു.  പ്രിയപ്പെട്ടവരുടെ  ‘മാണി സാർ’ ഓർമയായിട്ട് ചൊവ്വാഴ്ച അഞ്ചു വർഷം. ഇതുപോലൊരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ആ വിയോഗം.  2019 ഏപ്രിൽ 9. രാഷ്‌ട്രീയ കൗശലവും തലയെടുപ്പും ആജ്ഞാശക്തിയുമുള്ള ശക്തനായ കേരള കോൺഗ്രസ്‌ നേതാവായിരുന്നു. കർഷകർക്കായി ‘അധ്വാനവർഗ സിദ്ധാന്ത’ത്തിന്റെ ബദലിന് രൂപം നൽകി. പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്ന് ദേശീയ രാഷ്ട്രീയത്തോളം വളർന്ന കെ എം  മാണി ചരിത്രത്തിൽ ഇടംപിടിച്ച നിരവധി റെക്കോഡുകളുടെ  ഉടമ കൂടിയാണ്. തുടർച്ചയായി 54 വർഷം പാലായെ പ്രതിനിധീകരിച്ച്‌ ചരിത്രത്തിലേക്ക്‌.  

അഞ്ചു പതിറ്റാണ്ടിലേറെ എംഎല്‍എ, ഒരു മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ചു കയറിയ രണ്ടാമത്തെ നിയമസഭാ സാമാജികന്‍, പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗം, അച്ച്യുതമേനോന്‍ സര്‍ക്കാരില്‍ തുടങ്ങി കെ കരുണാകരന്‍, എ കെ ആന്റണി, ഇ കെ നായനാര്‍ അവസാനം ഉമ്മന്‍ചാണ്ടി നയിച്ച സര്‍ക്കാരുകളിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി, ഒരു പക്ഷേ കേരള രാഷ്ട്രീയത്തില്‍ ഇനിയാര്‍ക്കും സാധ്യമാവാത്ത റെക്കോര്‍ഡുകളുടെ കൂടി ചരിത്രമായിരുന്നു കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം. വിടപറഞ്ഞെങ്കിലും വീരസ്മരണയായി അണികളുടെ ഉള്ളിലുണ്ട് കെ എം മാണി.

Be the first to comment

Leave a Reply

Your email address will not be published.


*