‘പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനാകില്ല, കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ല’; കെ മുരളീധരന്‍

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്‍. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം എടുക്കുക.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയായത്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉയര്‍ത്തി അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.

എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*