‘സ്പീക്കറുടെ പ്രസ്താവന മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗം’; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ

ആർഎസ്എസ് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആർഎസ്എസിന് മംഗള പത്രം നൽകുകയാണ് സ്പീക്കർ ചെയ്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം – ബിജെപി കൂട്ടുകെട്ടുണ്ടാകുമെന്നാണ് സൂചന. എൽഡിഎഫിൽ തുടരണോ എന്ന് സിപിഐ ആലോചിക്കണം. തൃശൂർ പൂരം വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും കെ.മുരളീധരൻ പറഞ്ഞു.

പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണ് സ്പീക്കറുടെ പ്രസ്താവന.അജിത് കുമാർ കഴിഞ്ഞവർഷം ബിജെപി നേതാക്കളെ കണ്ടത് മുതൽ തുടങ്ങിയ വിശുദ്ധ കൂട്ടുകെട്ടാണത്. അതിൻ്റെ ക്ലൈമാക്സ് ആണ് സ്പീക്കറിന്റെ പ്രസ്താവനയെന്നും കെ. മുരളീധരൻ ആരോപിച്ചു. സ്പീക്കറുടെ നിലപാടിൽ ആർഎസ്എസുകാർ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്താവനയിൽ ശക്തമായി പ്രതികരിക്കാനുള്ള ചുമതല സിപിഐക്ക് ഉണ്ട്. എൽഡിഎഫിൽ തുടരണോയെന്ന് സിപിഐ ആലോചിക്കേണ്ട സമയമാണ്. തൃശൂർ പൂരം വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല, അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് കെ. മുരളീധരൻ ആരോപിച്ചു.

ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നുമായിരുന്നു സ്പീക്കര്‍ ഷംസീറിന്റെ നിലപാട്. എഡിജിപി എം ആര്‍ അജിത് കുമാര്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണം അഭ്യൂഹം മാത്രമാണെന്ന് സ്പീക്കര്‍ പറഞ്ഞു. അജിത് കുമാറിനെ പിന്തുണക്കുന്ന വേളയില്‍ സ്പീക്കര്‍ ആര്‍എസ്എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ചര്‍ച്ചയായതോടെ മറുപടിയുമായി സ്പീക്കര്‍ വീണ്ടും രംഗത്തെത്തി. തന്നോട് ആര്‍എസ്എസിനുള്ള സമീപനം അറിയുന്നതല്ലേ എന്നായിപരുന്നു വിവാദങ്ങള്‍ക്ക് നേരെ സ്പീക്കറുടെ മറുചോദ്യം.

Be the first to comment

Leave a Reply

Your email address will not be published.


*