പാലക്കാട്: വിവാദങ്ങൾക്കൊടുവിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. മുരളീധരൻ്റെ അസാന്നിധ്യം കുറച്ചു ദിവസമായി എൽഡിഎഫും ബിജെപിയും പാലക്കാട്ട് ചർച്ചയാക്കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ പോര് എന്ന തരത്തിലാണ് വിഷയം ഇരുപാര്‍ട്ടികളും അവതരിപ്പിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിൽ മുരളീധരനെ സ്ഥാനാർഥിയാക്കണം എന്നാണ് പാലക്കാട് ജില്ല കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി നൽകിയ കത്ത് പുറത്തുവന്നത് വിവാദമായിരുന്നു. ഷാഫി പറമ്പിൽ ഏകപക്ഷീയമായാണ് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ചരടുവലിച്ചത് എന്ന ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു കത്ത്.
കെ മുരളീധരൻ്റെ മുനവച്ച ചില പരാമർശങ്ങളും യുഡിഎഫിന് ബുദ്ധിമുട്ടുണ്ടാക്കി. പാലക്കാട്ട് പ്രചാരണത്തിന് വരില്ലെന്ന സൂചനയാണ് മുരളീധരൻ ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ എത്തുമെന്ന് പിന്നീട് മുരളീധരൻ തിരുത്തുകയും ചെയ്‌തിരുന്നു.
Be the first to comment