കെപിസിസി – യുഡിഎഫ് നേതൃയോ​ഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും

തിരുവനന്തപുരം : കെപിസിസി – യുഡിഎഫ് നേതൃയോ​ഗത്തിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. യുഡിഎഫിന് തോൽവി നേരിട്ട തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് യോ​ഗം വിളിച്ചത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ മുരളീധരന് പറയാനുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ കെ മുരളീധരൻ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും യോ​ഗത്തിൽ പങ്കെടുക്കില്ല.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരൻ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. മുൻപ് മത്സരിച്ചിരുന്ന വട്ടിയൂർക്കാവിൽ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം.പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് പങ്കെടുക്കുക.

വൈകീട്ട് അഞ്ചരയ്ക്ക് യുഡിഎഫ് ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടക്കും.ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താനും ഭാവി പരിപാടികൾ ചർച്ച ചെയ്യാനുമാണ് യോഗം ചേരുക. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. മാസപ്പടി വിവാദം, ബാര്‍കോഴ വിവാദവും രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം. വരാനിരിക്കുന്ന വയനാട്, പാലക്കാട്‌, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും യോഗം ചർച്ചയാകും.

Be the first to comment

Leave a Reply

Your email address will not be published.


*