‘കളക്ടർ പോലീസിനാണ് മൊഴി നൽകിയത്, റവന്യൂ വകുപ്പിനല്ല’; വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്ന് കെ.രാജൻ

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയിൽ അഭിപ്രായം പറയാനില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ.നവീൻ ബാബുവിനെ സംബന്ധിച്ച് തൻ്റെ അഭിപ്രായം ആദ്യം തന്നെ പറഞ്ഞു, അതിൽ മാറ്റമില്ല.കളക്ടറുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെങ്കിൽ കോടതി കണ്ടെത്തട്ടെയെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് അന്വേഷിക്കുന്നത് ക്രൈം അല്ല. റവന്യൂ വകുപ്പിന് അത്തരമൊരു മൊഴി നൽകിയിട്ടില്ലെന്നും കളക്ടർ പോലീസിലാണ് മൊഴി നൽകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുറച്ച് നിൽക്കുകയാണ് കളക്ടര്‍ അരുണ്‍ കെ വിജയന്‍. വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം, തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി.

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴിയിലെ പ്രധാന പരാമര്‍ശം. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് കളക്ടര്‍. അന്വേഷണ സംഘത്തോട് കളക്ടര്‍ പറഞ്ഞ കൂടുതല്‍ കാര്യങ്ങള്‍ എന്തായിരിക്കാം എന്ന ചോദ്യമാണ് അവശേഷിക്കുകയാണ്.

അതേസമയം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ടി വി പ്രശാന്തനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദുരീകരിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയബാനു പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*