
തിരുവനന്തപുരം: എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. സഹപാഠികളെ കൊല ചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗീയ വിനോദമായി മാറി. സംഘടനയെ അടിയന്തിരമായി പിരിച്ചുവിടണമെന്നും എസ്എഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര‍്യത്തിൽ ഇങ്ങനെയൊരു തീരുമാനം കേൾക്കാനാണ് കേരളം കാത്തിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
മുഖ‍്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഈ കാര‍്യത്തിൽ കേരള സമൂഹത്തിന് ഒപ്പം നിൽക്കണമെന്നും സുധാകരന്‍ ആവശ‍്യപ്പെട്ടു. പൂക്കോട് വെറ്റിനറി കോളെജ് വിദ‍്യാർഥിയായ സിദ്ധാർഥനെ കൊന്നൊടുക്കിയിട്ട് ഒരു വർഷം തികയുന്നതിനിടെ എത്ര ക്രൂര കൃത‍്യങ്ങളാണ് ഈ സംഘടന നടത്തിയത്.
കാര‍്യവട്ടം ക‍്യാംപസും എസ്എഫ്ഐ ചോരയിൽ മുക്കി. ബയോ ടെക്നോളജി ഒന്നാം വർഷ വിദ‍്യാർഥിയായ ജിൻസ് ജോസിനെ എസ്എഫ്ഐയുടെ ഇടിമുറിയിലിട്ട് മർദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവർത്തിച്ചു വ‍്യക്തമാകുന്നു.
കോട്ടയം നഴ്സിങ് കോളെജിൽ നടന്നതും ക്രൂരമായ റാഗിങ്. അറസ്റ്റിലായവർ ഇടതുപക്ഷത്തിന്‍റെ ഭാരവാഹികളും എസ്എഫ്ഐ പ്രവർത്തകരും. എന്നാൽ പാർട്ടിക്ക് ഇതിൽ ബന്ധമില്ലെന്ന് പറഞ്ഞ് പതിവ് പോലെ ഒഴിഞ്ഞുമാറാനാണ് അവർ ശ്രമിക്കുന്നത്.
ഉന്നത വിദ‍്യാഭ‍്യാസ കൗൺസിൽ വൈസ് ചെയർമാനായ ടി.പി. ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയതിനെ ഇപ്പോഴും ന‍്യായീകരിക്കുന്ന എസ്എഫ്ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സിപിഎമ്മുകാരുടെ കൊലപാതക രാഷ്ട്രീയത്തിന്‍റെ വിത്തുകളാണ്.
സിപിഐയുടെ വിദ‍്യാർഥി സംഘടനയിലെ പെൺകുട്ടികൾക്ക് കൊടിയ മർദനമാണ് എസ്എഫ്ഐയിൽ നിന്നും നേരിടേണ്ടി വരുന്നത്. മയക്കുമരുന്ന് ലോബി മുതൽ ഗുണ്ടാ തലവൻമാരുടെ സഹായത്തോടെ കുട്ടി സഖാക്കൾ ക‍്യാംപസുകളിൽ വിലസുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ufudh
Be the first to comment