വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ

വിധികർത്താവ് പി എൻ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐയെന്ന് കെ സുധാകരൻ. ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ നിർണായക ഇടപെടൽ നടത്തിയെന്നും ആരോപണം. എസ്എഫ്ഐയുടെ  സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണം. അപമാനം സഹിക്കവയ്യാതെയാണ് ആത്‍മഹത്യ ചെയ്‌തത്‌. പി എൻ ഷാജിയുടേത് കൊലപാതകമാണ്. വിശദമായ അന്വേഷണം വേണമെന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ താൻ പണം വാങ്ങിയില്ലെന്നും നിരപരാധിയാണെന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നത്. 

കേസിൽ പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി. ഷാജിയുടെ ആത്മഹത്യാക്കുറിപ്പിൽ താൻ നിരപരാധിയാണെന്നും ഇതുവരേയും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും കുറിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിനിടയിലായിരുന്നു ഷാജിയുടെ ആത്മഹത്യ. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും.

അതേസമയം വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തി. ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച ഷാജി തനിക്ക് ഉച്ചഭക്ഷണം വേണ്ടെന്നും വിളിക്കരുതെന്നും വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്നാണ് ഷാജിയെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. വിധി കര്‍ത്താക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് യുവജനോത്സവത്തിനിടെ സംഘര്‍ഷം ഉടലെടുത്തിരുന്നു. തുടർന്ന് കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാകും മുൻപ് വിസി ഇടപെട്ട് കലോത്സവം നിർത്തിവെപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*