കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ ഇന്ന് തിരികെ എത്തും. രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരണ ചുമതലയേൽക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താൽക്കാലിക അധ്യക്ഷ ചുമതല നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻറെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ നിലപാട്.
സുധാകരനെതിരെ സംസ്ഥാനത്ത് നിന്നും എതിർപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരൻറെ സമ്മർദ്ദത്തെ തുടർന്നാണ് ഒടുവിൽ ഹൈക്കമാൻഡ് ചുമതലയേൽക്കാൻ അനുമതി നൽകിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും ആരും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Be the first to comment