കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍. പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ യാത്ര ആലയില്‍ നിന്ന് പശു ഇറങ്ങിപ്പോയ പോലെയാണ്.
യാത്ര സ്‌പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ അത് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ നല്‍കാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് കെ സുധാകരന്‍ നേരത്തെ നേതൃത്വത്തിന് മുന്നിലെത്തിയിരുന്നു. അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാന്‍ വൈകുന്നതിലുള്ള നീരസം സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചിരുന്നു.
തീരുമാനം വൈകുന്നത് അനാവശ്യ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു സുധാകരൻ്റെ വാദം. ഇക്കാര്യത്തില്‍ എഐസിസി വൈകാതെ തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാല്‍, സുധാകരനെ അറിയിച്ചെങ്കിലും താല്‍ക്കാലിക സംവിധാനം മാറ്റാന്‍ കാലതാമസം എന്തിനെന്നാണ് സുധാകരന്‍ നേതൃത്വത്തോട് ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരിച്ചുവരാമെന്നായിരുന്നു സുധാകരന്‍റെ പ്രതീക്ഷ. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സുധാകരനെ മാറ്റണം എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ പലര്‍ക്കുമുണ്ടായിരുന്നു. അതിനൊരു അവസരമായി മറ്റുള്ളവര്‍ ഇത് നോക്കിക്കാണുകയും ചെയ്യുന്നുണ്ട്. അതു തിരിച്ചറിഞ്ഞാണ് വൈകാതെ ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത്.
Be the first to comment