കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ നില എങ്ങനെ ഉണ്ടായി എന്നും എന്ത് കൊണ്ട് ഈ ആളുകള്‍ മറ്റ് മത നേതാക്കളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാണക്കാട് തങ്ങള്‍ മാത്രമാണോ കേരളത്തില്‍ ആത്മീയ ആചാര്യന്‍? മറ്റു മത നേതാക്കളെ പരിഗണിക്കേണ്ടേ എന്നാണോ നിലപാട്? വിഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്? പോപ്പുലര്‍ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതിയോ തെരഞ്ഞെടുപ്പ് ജയിക്കാന്‍? തുടങ്ങിയ ഒരുപിടി ചോദ്യങ്ങള്‍ സുരേന്ദ്രന്‍ ഉന്നയിച്ചു.
മത തീവ്രവാദ ശക്തികള്‍ക്കും ലീഗിനും കോണ്‍ഗ്രസ് എത്രമാത്രം അടിമപ്പെട്ടു എന്നതിന്റെ തെളിവല്ലേ ഇതെന്നും അദ്ദേഹം ചോദിക്കുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നത് അദ്ദേഹം ഘടക കക്ഷിയുടെ നേതാവായാണ് പോയിക്കണ്ടത് എന്നാണ്. പി ജെ ജോസഫ് ഘടക കക്ഷി നേതാവല്ലേ. അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം തേടാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ തയാറാവുന്നില്ല. ഇത്രയധികം തരംതാഴുന്ന നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയത് എന്തുകൊണ്ടാണ് – സുരേന്ദ്രന്‍ ചോദിക്കുന്നു.
പാലക്കാട് എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാന്‍ വിഡി സതീശന് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. എസ്ഡിപിഐയുടെ നോട്ടീസുമായി വീട് കയറാന്‍ സതീശന് നാണമില്ലേ? എന്നും പരിഹാസമുണ്ട്. മുനമ്പം വഖഫ് ഭൂമി ആണെന്ന് പ്രഖ്യാപിക്കാന്‍ മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സന്ദീപ് വാര്യര്‍ക്ക് എതിരെയും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടിയെ തള്ളി പറഞ്ഞാല്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഇല്ലാതാവുമോ എന്നായിരുന്നു ചോദ്യം. മറ്റ് ബിജെപിക്കാര്‍ ആരും വംശഹത്യയെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Be the first to comment