സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി എന്നും ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ എന്നും സുരേന്ദ്രൻ പരിഹസിച്ചു.
സന്ദീപിനെതിരെ പാർട്ടി നേരത്തെയും നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആയിരുന്നില്ല. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയപാർട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. സന്ദീപിനെ പോലെ ഒരാളെ കോൺഗ്രസ് മുറുകെ പിടിക്കണമെന്നും സ്നേഹത്തിന്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വി ഡി സതീശൻ ശ്രീനിവാസൻ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് വർഗീയ പ്രചാരണം നടത്തുന്നുവെന്നും എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു.
എസ്ഡിപിഐ വീടുകളിലും ആരാധനാലയങ്ങളിലും ലഘുലേഖ വിതരണം ചെയ്തു. തൃശൂർ ആവർത്തിക്കാൻ അനുവദിക്കരുതെന്നാണ് ലഘുലേഖയിലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
Be the first to comment