യുവാക്കൾക്ക് സൈന്യത്തിൻ്റെ ഭാഗമാകാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

ഏറ്റുമാനൂർ: രാജ്യത്തെ യുവാക്കൾക്ക് സൈന്യത്തിന്റെ ഭാഗമാകാനുള്ള അഗ്നിപഥ് പദ്ധതിയെ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും മുസ്ലിം മതമൗലികവാദികളും ചേർന്ന് എതിർക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. നരേന്ദ്ര മോദി എന്ത് ചെയ്താലും അതിനെ എതിർക്കുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളത്. വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്തൃസമ്മേളനം ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിൻ്റെ പദ്ധതികൾ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആയുഷ്മാൻ ഭാരത് പദ്ധതി ഇതിന് ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇൻഷ്വറൻസ് പദ്ധതി കേരളത്തിലുള്ളവർക്ക് കിട്ടരുതെന്നാണ് ഇവിടുത്തെ സർക്കാർ വിചാരിക്കുന്നത്. ജൽജീവൻ മിഷനും ആവാസ് യോജന പദ്ധതിയും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. മോദി സർക്കാരിന്റെ പദ്ധതികൾ പേരുമാറ്റി അടിച്ചു മാറ്റി വികലമാക്കുന്ന പിണറായി സർക്കാർ മലയാളികളെ വഞ്ചിക്കുകയാണ്. നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ കേന്ദ്രസർക്കാർ പദ്ധതികൾ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്ത് അഴിമതിയുടേയും ഭരണസ്തംഭനത്തിന്റെയും കാലമായിരുന്നു. അവിടെ നിന്നാണ് പ്രതീക്ഷയുടെ പുത്തൻ കിരണം രാജ്യത്തിന് ലഭിച്ചത്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത എട്ട് വർഷങ്ങളാണ് പിന്നീട് ഭാരതം കണ്ടത്. പാവങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് തന്റേതെന്ന് മോദി പ്രവൃത്തിയിലൂടെ തെളിയിച്ചു. അമ്മമാരുടെയും പെൺകുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എൻഡിഎ സർക്കാരിന് സാധിച്ചു. വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പിലാക്കി വനിതകളെ കാർഡിന്റെ ഗൃഹനാഥയാക്കി. ശൗചാലയങ്ങൾ നിർമ്മിച്ചു. ഉജ്ജ്വൽ യോജനയിലൂടെ അമ്മമാരുടെ കണ്ണീരൊപ്പി. ആദ്യത്തെ പ്രസവത്തിന് 5,000 രൂപ നൽകി. പെൺകുട്ടികളുടെ ചികിത്സ, ഉന്നത പഠനം, വിവാഹം എന്നിവയ്ക്കെല്ലാം സർക്കാർ സഹായം നൽകി. പ്രസവാവധി 56 ആഴ്ചയാക്കി വർദ്ധിപ്പിച്ചു. ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ നൽകാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു. അടിസ്ഥാന വികസനരംഗത്തും രാജ്യത്ത് വലിയ കുതിപ്പാണുണ്ടാകുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ദേശീയപാതാ നിർമ്മാണത്തിൽ ലോക റെക്കോർഡാണ് ഇന്ന് ഇന്ത്യയ്ക്കുള്ളത്. വിമാനത്താവളങ്ങളും മെഡിക്കൽകോളജുകളും റെയിൽവെ സ്റ്റേഷനുകളും അന്താരാഷ്ട്ര നിലവാരത്തിലെത്തി. അസംഘടിത തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നൽകുന്നുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.ഗോപാലകൃഷ്ണൻ, മേഖല പ്രസിഡന്റ് എൻ.ഹരി, സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണ മോനോൻ, ന്യൂനപക്ഷമോർച്ച ദേശീയ സെക്രട്ടറി നോബിൾ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*