‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ എത്തിയത് ; അല്‍പം അല്‍പം ഉശിര് കൂടും’; എ എന്‍ ഷംസീറിന് കെ ടി ജലീലിന്റെ മറുപടി

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. സ്വകാര്യ സര്‍വകലാശാലാ ദേഭഗതി ബില്ലുമായി ബന്ധപ്പെട്ട് സഭയില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് സ്പീക്കറുടെ പേര് പരാമര്‍ശിക്കാതെ കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയത് കൊണ്ട് അല്‍പ്പം ‘ഉശിര്’ കൂടുമെന്നും കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിങ്കളാഴ്ച സ്വകാര്യ സര്‍വ്വകലാശാലാ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു കെ ടി ജലീലിനോട് സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചത്.

ജലീല്‍ ചുരുക്കണം. മറ്റുള്ളവരൊക്കെ ഇതുപോലെ സംസാരിക്കാന്‍ ശേഷിയുള്ളവരായിരുന്നു. അവര്‍ ചെയറിന്റെ അഭ്യര്‍ത്ഥന മാനിച്ചിരുന്നു. ഇത് ശരിയല്ല – സ്പീക്കര്‍ അന്ന് വിമര്‍ശിച്ചു. ജലീല്‍ സമയപരിധി പാലിക്കാത്തതും മൈക്ക് ഓഫ് ചെയ്ത ശേഷവും പ്രസംഗം തുടര്‍ന്നതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്. ജലീല്‍ ചെയറിനെ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും നിര്‍ത്താത്തത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു.

കെ ടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം ‘ഉശിര്’ കൂടും. അത് പക്ഷെ, ‘മക്കയില്‍’ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*