കാഫിർ സ്‌ക്രീൻ ഷോട്ട്: മതസ്പർദ്ദ വളർത്തിയെന്ന കുറ്റം ചുമത്താനാകുമോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി

വടകര: വടകര കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ മതസ്പര്‍ദ്ദ വളര്‍ത്തിയെന്ന കുറ്റം ചുമത്താനാകുമോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഫോറന്‍സിക് പരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലീഗ് പ്രവര്‍ത്തകന്‍ പി കെ ഖാസിം നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു ഹൈക്കോടതി.

പി കെ ഖാസിമിന് കേസിലെ ഇരയ്ക്കുള്ള അവകാശങ്ങളുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. പി കെ ഖാസിമിന് പരാതിയുണ്ടെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. എല്ലാ സാധ്യതകളുമുപയോഗിച്ച് അന്വേഷിക്കുന്നുവെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു. ഹൈക്കോടതിയുടെ കൂടുതല്‍ ഇടപെടല്‍ കേസില്‍ ആവശ്യമില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

നേരത്തെ കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും തൻ്റെ പരാതിയില്‍ പോലീസ് കേസെടുത്തില്ല എന്നും കുറ്റപ്പെടുത്തി ഹർജിക്കാരനായ പി കെ ഖാസിം ഹൈക്കോടതിയിൽ സത്യാവാങ്‌മൂലം സമർപ്പിച്ചിരുന്നു. കേസിൽ വടകര പോലീസ് ചുമത്തിയത് ദുര്‍ബ്ബലമായ വകുപ്പുകളാണെന്നും മതസ്പര്‍ദ്ദ വളര്‍ത്തിയതിനും വ്യാജരേഖ ചമച്ചതിനുമുള്ള കുറ്റം ചുമത്തിയില്ല എന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പോലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രിൽ 25-ന് ഉച്ചക്ക് 2.13-നാണ് റെഡ് എൻകൗണ്ടർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*