തൃശ്ശൂർ: കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിയുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല.
വിസ്മൃതിയിലേക്കാണ്ടുപോയ നാടന്‍പാട്ടെന്ന കലയെ ഇത്രമേല്‍ ജനപ്രിയമാക്കിയ മറ്റൊരു മലയാളിയുണ്ടാകില്ല. പാട്ടുപോലെതന്നെ ചടുലമായിരുന്നു മണിയെന്ന കലാകാരന്‍റെ ജീവിതവും. മണി എന്നുമൊരു ആഘോഷമായിരുന്നു. ഇല്ലായ്മകളില്‍നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നില്‍വച്ച ബഹുമുഖങ്ങളുള്ള കണ്ണാടി. പഠനത്തിൽ പിന്നോക്കക്കാരനായപ്പോഴും പഠനമൊഴികെയുള്ള എല്ലാ വിഷയത്തിലും മുന്നിട്ടു നിന്ന വിദ്യാർത്ഥി. പത്താം ക്ലാസ്സിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമൊക്കെ ഉപജീവനം നടത്തിയ ഒരു സാധാരണക്കാരൻ. എന്നാൽ, പട്ടിണിയ്ക്കും പരിവട്ടങ്ങൾക്കുമൊപ്പം വളരുമ്പോഴും കെടാത്ത അഗ്നിപോലെ മനസ്സിൽ കലയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചവൻ. ആ ഇഷ്ടമാണ് മണിയെന്ന ചെറുപ്പക്കാരനെ കലാഭവന്റെ മിമിക്സ് ട്രൂപ്പിലെത്തിച്ചത്.
കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തി. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി. ഹാസ്യതാരമായി തുടങ്ങിയ മണി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം തകർത്തഭിനയിച്ചു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് മണി തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നടഭാഷകളിലും മണിയുടെ അസാമാന്യപ്രകടനം പ്രേക്ഷകർ കണ്ടു. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു.
2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
Be the first to comment