കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര കൺവൻഷൻ സെന്‍ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാർട്ടിന്‍റെ മൊഴി വിശ്വസിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ. മാർട്ടിൻ തനിച്ചാണ് കൃത്യം നടത്തിയതെന്ന അവകാശവാദവും കേന്ദ്ര ഏജൻസികൾ തള്ളി. സംഭവത്തിനു മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണവും അന്വേഷണ സംഘം നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ്.
ഗൾഫിലായിരുന്ന മാർട്ടിന്‍റെ കൂടുതൽ ബന്ധങ്ങൾ ചികഞ്ഞെടുക്കുകയാണ് എൻഐഎയും ഐബിയും. മാർട്ടിന് ബംഗ്ലാദേശിലെ ചില ഗ്രൂപ്പുകളുമായുള്ള ബന്ധവും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ഇയാൾ ഗൾഫിൽ ജോലി ചെയ്തിരുന്ന സ്ഥാപനവുമായി കേന്ദ്ര ഏജൻസികൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളോടൊപ്പം ജോലി ചെയ്തിരുന്നവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ ഐബി ശേഖരിച്ചു.
ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് ഒറ്റയ്ക്കാണെന്ന മൊഴിയും കേന്ദ്ര ഏജൻസികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇയാൾ പരീക്ഷണ സ്ഫോടനം നടത്തിയതായും ഐബി സംശയിക്കുന്നു. നടന്നതു ഭീകരാക്രമണമാണെന്ന വിലയിരുത്തലിൽ തന്നെയാണു കേന്ദ്ര ഏജൻസികൾ മുന്നോട്ട് പോകുന്നത്.
ഡൊമിനിക് എന്ന വ്യക്തിക്കപ്പുറത്തേക്ക് അന്വേഷണം നീളരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് ഓരോ തെളിവും ഇയാൾ സൂക്ഷിച്ചിരുന്നത്. ഇതും കേന്ദ്ര ഏജൻസികൾ സംശയദൃഷ്ടിയോടെയാണു കാണുന്നത്. മാർട്ടിന്‍റെ സാമ്പത്തിക സ്രോതസും അന്വേഷണ പരിധിയിലുണ്ട്. ഭാര്യാമാതാവും ബന്ധുവും പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇയാൾ സ്‌ഫോടനം നടത്തിയതു ബാഹ്യപ്രേരണയ്ക്ക് തെളിവാണെന്നും കേന്ദ്ര ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.
Be the first to comment