സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’. 2023 ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാകും കമല്‍ ഹാസന്‍ അഭിനയിക്കുക. നേരത്തെ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക. ലിജോയുടെ ഹിറ്റ് ചിത്രമായ ‘ആമേന്‍’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഈ സിനിമയ്ക്ക് വേണ്ടിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സമീപകാലത്ത് മലയാള സിനിമാസ്വാദകര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം. പുതിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാകണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വമ്പൻ പ്രഖ്യാപനം എത്തിയത്.
Be the first to comment