നാളെ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അമേരിക്കയിൽ നടക്കുന്ന ‘ഏർളി വോട്ടിങ്’ പൂർത്തിയാകുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് എട്ട് ശതമാനം വോട്ടിനു മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ. 7.76 കോടിപേർ ഇതിനോടകം ഏർളി വോട്ടിങ് ഉപയോഗിച്ച് തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ അസൗകര്യമുള്ളവർക്ക് സമ്മതിദാനാവകാശം നേരത്തെ വിനിയോഗിക്കാൻ ഒരുക്കുന്ന സംവിധാനമാണ് ഏർളി വോട്ടിങ്.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് അനുകൂലമാകുമെന്നു കരുതിയ പല പ്രദേശങ്ങളിലെയും വോട്ടിങ് അത്തരത്തിലല്ല സംഭവിച്ചിരിക്കുന്നതെന്നാണ് ആദ്യ സൂചനകൾ നൽകുന്നത്. എങ്ങോട്ടുവേണമെങ്കിലും മറിയാൻ സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളിൽ മൂന്നിടത്ത് കമല ഹാരിസും ഒരിടത്ത് ഡൊണാൾഡ് ട്രംപും മുന്നേറുന്നതായാണ് ന്യൂയോർക് ടൈംസും സിയന്നാ കോളേജും പുറത്തുവിടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ മത്സരം നടക്കുന്ന മറ്റു മൂന്നു സംസ്ഥാനങ്ങളിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം നിൽക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ കമല ഹാരിസ് അവസാനവട്ട പ്രചാരണവുമായി മിച്ചിഗനിലാണുള്ളത്. ട്രംപ് പെനിസിൽവാനിയയിലും. തന്റെ ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും വീണ്ടും അക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നുമാണ് ട്രംപിന്റെ പ്രധാനവാദങ്ങളിൽ ഒന്ന്. മാധ്യമങ്ങൾ തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായും ട്രംപ് ആരോപിച്ചു.
“എന്നെ ആർക്കെങ്കിലും തളർത്താൻ കഴിയുമെങ്കിൽ അത് വ്യാജവാർത്തകളിലൂടെ മാത്രമായിരിക്കും, അത് ഞാൻ ഗൗരവമായി കാണുന്നില്ല,” ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരെ അഴിമതിക്കാരായ വ്യക്തികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മറ്റൊരു വധശ്രമമുണ്ടാവുകയാണെങ്കിൽ ചെറുത്തുനിൽപ്പിന്റെ ഭാഗമായി മാധ്യമ റിപ്പോർട്ടർമാർക്ക് വെടിയേൽക്കുന്നതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment