കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്

തിരുവനന്തപുരം : വിഖ്യാത ശിൽപ്പി കാനായി കുഞ്ഞിരാമന്റെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്. ശംഖുമുഖത്ത് അസ്തമയ സൂര്യനെ നോക്കി കിടക്കുന്ന സാഗര കന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപം നിർമ്മിച്ചിരിക്കുന്നത്. 

അപേക്ഷിക്കാതെ ലഭിച്ച പുരസ്കാരത്തിൽ വലിയ സന്തോഷമുണ്ടെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. ലോക റെക്കോർഡിനർഹമായ ശിൽപ്പം കേരളത്തിൽ ശംഖുമുഖത്ത് തന്നെ നിർമ്മിക്കാനായതിൽ അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ ലണ്ടനിൽ നിന്നാണെന്നും സാഗര കന്യകയ്ക്ക് ലോക റെക്കോർഡ് ലഭിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കറ്റ് അയച്ചുതരുമെന്നും അറിയിച്ചു. അപ്പോഴാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സ്യകന്യകാ ശിൽപമാണ് സാഗരകന്യകയെന്ന് താൻ അറിയുന്നതെന്നും കാനായി. 

നിർമ്മിച്ച് 30 വർഷം കഴിഞ്ഞാണ് ഇങ്ങനെയൊരു ശിൽപത്തെ കുറിച്ച് അറിയുന്നതെന്നും ഫോണിൽ ബന്ധപ്പെട്ട ഗിന്നസ് അധികൃതർ പറഞ്ഞു. ലോകത്തെ മത്സ്യകന്യക ശിൽപങ്ങളെ കുറിച്ച് ഒരു പുസ്തകം ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെന്നും അതിൽ സാഗരകന്യക ഉൾപ്പെടുമെന്നും അറിയിച്ചു.

”ഗാലറികൾക്കോ മ്യൂസിയത്തിനോ വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ ശിൽപങ്ങൾ നിർമ്മിക്കുന്നത്. കല അത് ജനങ്ങൾക്ക് വേണ്ടിയാണ്. കേരളത്തിൽ ശിൽപകല പുരോഗമിച്ചിട്ടില്ല. ശിൽപകലയുടെയും ചിത്രകലയുടെയും സെന്ററായി കേരളം മാറണം. അതാണ് എന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത്” 

87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപം നിർമ്മിച്ചത്.  ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപ നിർമ്മാണം ഏൽപ്പിച്ചത്. ശിൽപ നിർമ്മാണ കാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന നളിനി നെറ്റോക്കായിരുന്നു നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പകുതിയിലേറെയായപ്പോൾ നഗ്ന ശിൽപം പറ്റില്ലെന്നായി കളക്ടർ. ശിൽപത്തെ ഉടുപ്പിക്കണമെന്നുമായി ആവശ്യം. എന്നാൽ മത്സ്യകന്യക നഗ്നയാണെന്ന് ഞാനും പറഞ്ഞു. ഇത് ഒരു പത്രത്തിൽ വാർത്തയായി. ഈ പത്രവാർത്തയുമായി ഞാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ ചെന്ന് കണ്ടു. അദ്ദേഹം ഇടപെട്ട് കുഞ്ഞിരാമന് ശിൽപം പൂർത്തിയാക്കാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് കളക്ടറോട് നിർദ്ദേശിച്ചു. അങ്ങനെയാണ് ശിൽപ നിർമ്മാണം പൂർത്തിയാക്കാനായത്.

Be the first to comment

Leave a Reply

Your email address will not be published.


*