ഏറെ കാത്തിരിപ്പിനൊടുവിൽ കങ്കണ റണൗട്ടിന്‍റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ യുടെ പുതിയ ട്രെയിലർ പുറത്ത്. പല തവണ റിലീസ് ഡേറ്റുകൾ മാറ്റിവെച്ച ചിത്രം ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1970 കളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമയിൽ ഇന്ദിരാ ഗാന്ധിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്.
കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.
അനുപം ഖേർ അവതരിപ്പിക്കുന്ന ജയപ്രകാശ് നാരായൺ എന്ന കഥാപാത്രം കങ്കണയുടെ ഇന്ദിരാ ഗാന്ധി എന്ന കഥാപാത്രത്തിന് ജയിലിൽ നിന്ന് കത്തെഴുതുന്നതിലാണ് ട്രെയിലർ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥയും തുടർന്നുള്ള സംഘർഷങ്ങളേക്കുറിച്ചുമൊക്കെ ട്രെയിലറിൽ പ്രതിപാദിക്കുന്നുണ്ട്.
കങ്കണയുടെ മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് . വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ കീഴിലുള്ള ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്‍റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ചിത്രത്തിൽ ഉള്‍പ്പെടുന്നുണ്ട്.
Be the first to comment