കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് ഇവർ കാനിലെത്തിയത്. പായൽ കപാഡിയയ്ക്കൊപ്പം എത്തിയ കനിയും ദിവ്യയും യുവതാരം ഹ്രിദ്ധു ഹാറൂണും ഉൾപ്പടെയുള്ളവർ ഡാൻസ് കളിച്ചുകൊണ്ട് കാനിന്റെ റെഡ് കാർപ്പറ്റ് കീഴടക്കിയത്. താരങ്ങളുടെ കാനിലെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
1994 ൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. ഗ്രാൻഡ് ലൂമിയർ തിയറ്ററിലായിരുന്നു ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ പ്രിമിയർ സംഘടിപ്പിച്ചത്. സിനിമ പൂർത്തിയായ ശേഷം കാണികൾ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത്. നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്. ഇതിനോടൊപ്പം താരങ്ങളുടെ ഔട്ട്ഫിറ്റും ചർച്ചയായി കഴിഞ്ഞു. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. കനിയുടെ കൈയിലുണ്ടായിരുന്ന ബാഗിനും പ്രത്യേകതകളുണ്ടായിരുന്നു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് ഈ ബാഗിന് നൽകിയിരിക്കുന്നത്.
കനി ഈ ബാഗും പിടിച്ച് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്രൗൺ നിറത്തിലുള്ള ഷർട്ട് ടൈപ്പ് ഗൗൺ ധരിച്ച് അതീവ ഗ്ലാമറസായാണ് ദിവ്യപ്രഭ റെഡ് കാർപറ്റിലെത്തിയത്. ഐവറി നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ഹൃദു ഹാറൂണിന്റെ ഔട്ട്ഫിറ്റ്. ഇന്ത്യൻ താരങ്ങളെ ആവേശ സ്വീകരണമാണ് കാൻ ഫെസ്റ്റിവലിൽ ലഭിച്ചത്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ചിത്രം. മുംബൈയിൽ താമസിക്കുന്ന രണ്ട് നഴ്‌സുമാരായ പ്രഭയുടെയും അനുവിൻ്റെയും അവരുടെ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ചിത്രത്തിൽ. കാൻ മത്സരത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായികയാണ് കപാഡിയ. കാനിൽ ചരിത്ര വിജയം നേടുമോ ഈ ഇന്ത്യൻ ചിത്രം എന്ന കാത്തിരിപ്പിലാണ് സിനിമ ആസ്വാധകർ.
Be the first to comment