കാഞ്ഞിരപ്പള്ളി ബൈപ്പാസ്: ടെൻഡർ അലോട്ട്‌മെൻ്റായി; മേൽപാലം നി‍ർമാണം നവംബ‍ർ പകുതിയോടെ

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ കാഞ്ഞിരപ്പള്ളിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിർദിഷ്ട ബൈപ്പാസ് റോഡിൻ്റെ  ടെൻഡർ അലോട്ട്‌മെൻ്റായി. റെയിൽവേ ജോലികൾ ചെയ്യുന്ന ഏജൻസിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ബൈപ്പാസിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി – മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മുകളിലൂടെയുള്ള മേൽപാലം നിർമിക്കുന്നതിന് മുൻപരിചയമുള്ള കരാറുകാർക്ക് മാത്രമായിരുന്നു ടെൻഡറിൽ അർഹത നൽകിയിരുന്നത്.

കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ്റെ മേൽനോട്ടത്തിലാണ് ബൈപ്പാസ് നിർമാണം. ബൈപ്പാസിനായി ആവശ്യമുള്ള 8.64 ഏക്കർ ഭൂമി വില കൊടുത്ത് ഏറ്റെടുത്ത് കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷന് കൈമാറിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള തുടർനടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാനാണ് തീരുമാനം. അതിർത്തികല്ലുകൾ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാക്ഷ്യപ്പെടുത്തും. ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ മരങ്ങൾ പൂർണമായും വെട്ടിമാറ്റിയിട്ടുണ്ട്.

ഇലക്ട്രിസിറ്റി ലൈനുകൾ, വാട്ടർ ലൈനുകൾ എന്നിവ മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ബൈപ്പാസ് റോഡ് നിർമാണം ആരംഭിക്കും. നിർദിഷ്ട മേൽപാലത്തിന് വേണ്ടി തയ്യാറാക്കിയ ഡിസൈൻ ഐഐടിയുടെ അന്തിമ അംഗീകാരത്തിന് സമർപ്പിച്ചതായി സ്ഥലം എംഎൽഎ എൻ ജയരാജ് അറിയിച്ചു. ഈ മാസം തന്നെ അന്തിമ അംഗീകാരം ലഭിക്കും. നവംബർ പകുതിയോടെ മേൽപാലം നിർമാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.

കാഞ്ഞിരപ്പള്ളി മണിമല റോഡിനു കുറുകെ മേൽപാലം നിർമിച്ച് ദേശീയപാതയിലെ റാണി ഹോസ്പിറ്റലിനു സമീപം എത്തുന്ന രീതിയിൽ 1.626 കിലോമീറ്റർ നീളത്തിൽ 15 മുതൽ 18 മീറ്റർ വീതിയിലാണ് ബൈപ്പാസ്. 

Be the first to comment

Leave a Reply

Your email address will not be published.


*