പ്രശാന്തന്റെ കൈയില്‍ തെളിവുണ്ട്; നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്ന് അന്വേഷിക്കണം; എംവി ജയരാജന്‍

കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്നത് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പൊതുവില്‍ ജനം കരുതുന്നത് നവീന്‍ ബാബു ഒരു അഴിമതിക്കാരനല്ലെന്നാണ്. എന്നാല്‍ കൈക്കൂലി കൊടുത്തു എന്ന കാര്യത്തില്‍ പ്രശാന്തന്‍ ഉറച്ചുനില്‍ക്കുന്നു. ഇതില്‍ വസ്തുതയെന്താണെന്ന് ജനം അറിയണം. ആദ്യം കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നത് തെളിയണം. അങ്ങനെയെങ്കില്‍ അത് ആര്‍ക്കാണ് കൊടുത്തതെന്നും അറിയണമെങ്കില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ജയരാജന്‍ പറഞ്ഞു.

‘പ്രശാന്തന്‍ കൊടുത്ത പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവമായി അന്വേഷണം നടത്തേണ്ടതാണ്. അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുന്നു. അദ്ദേഹം നുണപരിശോധനയ്ക്ക് തയ്യാറാണന്ന് പറയുന്നു. അപ്പോള്‍ അതിലെ വസ്തുതയെന്തെന്ന് ജനം അറിയണം. എന്നാല്‍ പൊതുവില്‍ ജനം കരുതുന്നത് നവീന്‍ ബാബു ഒരു അഴിമതിക്കാരനല്ലെന്നാണ്. അത് ഒരു ഭാഗം. പ്രശാന്തന്‍ കൈക്കൂലി കൊടുത്തുവെന്നതിന് അദ്ദേഹത്തിന്റെ കൈയില്‍ തെളിവുകളും ഉണ്ട്. അതുകൊണ്ടുതന്നെ വസ്തുതതയെന്തെന്ന് ജനം അറിയണം. താന്‍ നുണ പറയുന്ന ആളല്ലെന്ന് തെളിയിക്കാനുള്ള ബാധ്യതയുള്ളതുകൊണ്ടാണ് അദ്ദേഹം നുണപരിശോധനയ്ക്ക് വിധേയമാകുന്നത്. നവീന്‍ ബാബുവിന്റെ കേസില്‍ അന്വേഷണമൊക്കെ കൃത്യമായി നടക്കന്നുണ്ട്. അതിലൊന്നും വേറെ ആശങ്കയൊന്നുമില്ല. പക്ഷെ ഒരു കുടുംബത്തിന് ഇതിനെക്കാള്‍ മെച്ചപ്പെട്ട അന്വേഷണം നടത്തേണ്ടതാണ്. പക്ഷെ സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് ഈ അടുത്ത കാലത്തുപോലും കോടതി പറഞ്ഞിട്ടുണ്ട്’.

കോണ്‍ഗ്രസുകാര്‍ കൊള്ളരുതായ്മ കാട്ടിയാല്‍ അത് എംഎല്‍എയായലും മാധ്യമങ്ങളുടെ സംരക്ഷണമാണ്. ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ഒരു പോലെ നിലപാട് സ്വീകരിക്കണം. ഈ ഉദ്യോഗസ്ഥനെ പറ്റി പൊതുവില്‍ അഴിമതിക്കാരനാണെന്ന് അഭിപ്രായമില്ല. കൈക്കൂലി കൊടുത്തയാള്‍ അത് കൊടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതില്‍ വസ്തുതയെന്ത്; അതാണ് നാടിന് അറിയേണ്ടത്. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ ആര്‍ക്കോ ഒരാള്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് ഉറപ്പല്ലേ?, കൈക്കൂലി വാങ്ങുന്ന ശീലമില്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി ആരില്‍ നിന്നെങ്കിലും വാങ്ങിയിട്ടുണ്ട് എന്നത് സത്യമാണെങ്കില്‍ ആ പൈസ ആര്‍ക്കെങ്കിലും കൊടുക്കാന്‍ വേണ്ടിയിട്ടാവും എന്ന് ഉറപ്പല്ലേ? അപ്പോ ഇത് വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ്?’.

‘ദിവ്യയെ എത്രമാസങ്ങളാണ് മാധ്യമങ്ങള്‍ കൊത്തിവലിച്ചത്?. ഒരു സ്ത്രിയെന്ന പരിഗണനപോലും കൊടുത്തോ?. സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യനടത്തുന്ന എന്തെല്ലാമാണ് കൊടുത്തത്?. അവള്‍ക്കുമില്ലേ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി?. ആ കുടുംബത്തിന്റെ സ്ഥിതി ആരെങ്കിലും നോക്കിയോ?. തെറ്റ് തെറ്റ് തന്നെ. എന്നുവിചാരിച്ച് ഇങ്ങനെ കൊത്തിവലിക്കണോ?.’ – ജയരാജന്‍ ചോദിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*