
പെട്രോള്‍ പമ്പ് അനുവദിക്കുന്ന നടപടി ക്രമങ്ങളില്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കാലതാമസം ഉണ്ടാക്കിയിട്ടില്ലന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്ന് റവന്യു മന്ത്രി കെ രാജന്‍. ആരോപണങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് നടപടി ക്രമങ്ങളാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ ആരോപണം ഉന്നയിക്കരുതെന്ന് പി പി ദിവ്യയോട് ജില്ല കലക്ടര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്.
എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരിച്ചത്. പെട്രോള്‍ പമ്പിനായി കൈക്കൂലി നല്‍കി എന്ന ആരോപണത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായി പരിശോധിച്ചത്. നടപടിക്രമങ്ങളില്‍ എഡിഎം നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല. അഴിമതി നടത്തിയതിന് തെളിവില്ലെന്നും കണ്ടെത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യം പുറത്തുവരണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പരാതിയിലെ ഗൂഡാലോചന വ്യക്തമായെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ അഡ്വ പ്രവീണ്‍ബാബു പറഞ്ഞു. പുറത്തുവന്നത് സത്യസന്ധമായ റിപ്പോര്‍ട്ടെന്ന് നവീന്‍ ബാബുവിന്റെ സുഹൃത്ത് അഡ്വക്കേറ്റ് അനില്‍ പി നായരും പറഞ്ഞു.
Be the first to comment