ഇപി ജയരാജൻ ബിജെപിയിലേക്ക് പോകും; കെ സുധാകരൻ

കണ്ണൂർ: ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ കെ സുധാകരൻ. ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്. ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞു.

പാർട്ടിയിൽ ഇ പി ജയരാജൻ അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജൻ്റെ പ്രസ്താവന വിവരക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്.

മുന്നണി സംവിധാനത്തിൽ ഒരു അസ്വസ്ഥതയും മുസ്ലിം ലീഗിനില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. സുധാകരന്‍റെ രാഷ്ട്രീയ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ചായിരുന്നു ഇടതിന്‍റെ പ്രചാരണം. സുധാകരന്‍റെ അടുപ്പക്കാർ ബിജെപിയിൽ പോയത് ഇടതുമുന്നണി ആയുധമാക്കി. എന്നാൽ താനല്ല, തന്‍റെ പട്ടി പോലും ബിജെപിയിൽ പോകില്ലെന്നായിരുന്നു സുധാകരന്‍റെ മറുപടി. എന്നാൽ വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*