കാപ്‌കോസ് അത്യാധുനിക റൈസ്മിൽ ശിലാസ്ഥാപനം നാളെ ഏറ്റുമാനൂർ കൂടല്ലൂരിൽ

ഏറ്റുമാനൂർ: സഹകരണമേഖലയിലെ ആദ്യ അത്യാധുനിക റൈസ്മില്ലിന്റെ ശിലാസ്ഥാപനം കിടങ്ങൂർ കൂടല്ലൂർ കവലയിൽ നാളെ ഉച്ചകഴിഞ്ഞ് 3മണിക്ക് സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. കോട്ടയം ആസ്ഥാനമാക്കി രൂപീകരിച്ച കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിങ് ആൻഡ് മാർക്കറ്റിങ് സഹകരണസംഘമാണ് (കാപ്‌കോസ്) 80 കോടി രൂപ ചെലവിൽ മില്ല് സ്ഥാപിക്കുന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് നെൽകർഷകരുടെ സംരക്ഷണത്തിനായി സഹകരണ മേഖലയുടെ ഇടപെടൽ ശക്തമാക്കുകയാണ് ലക്ഷ്യം.

ഏറ്റുമാനൂർ കിടങ്ങൂർ കൂടല്ലൂർ കവലയ്ക്ക് സമീപം വാങ്ങിയ പത്തേക്കർ ഭൂമിയിലാണ് ഗോഡൗണും ആധുനിക മില്ലും സ്ഥാപിക്കുന്നത്. ആന്ധ്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ മില്ലുകൾ സന്ദർശിച്ച് പഠനം നടത്തിയ ശേഷമാണ് വിദഗ്ധസംഘം മില്ലിന്റെ രൂപരേഖ തയ്യാറാക്കിയത്. പുതിയ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിഷനറികൾ, നെല്ല് സൂക്ഷിക്കുന്നതിനുള്ള വെയർഹൗസ്, ഈർപ്പം ക്രമീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 50000 മെട്രിക്ക് ടൺ സംസ്‌കരിക്കാൻ ശേഷിയുള്ള മില്ല് പൂർത്തിയാകുന്നതോടെ നെല്ല് സംസ്‌കരണത്തിന്റെ മേഖലയിൽ 4ശതമാനം കൂടി സർക്കാർ-സഹകരണ മേഖലയുടെ കൈയിലെത്തും.

സംസ്ഥാന സഹകരണ സംഘങ്ങളുടെ 30 കോടി രൂപ ഓഹരി മൂലധനം, സർക്കാർ, നബാർഡ് എന്നിവ ചേർന്നു നടപ്പാക്കുന്ന പദ്ധതിയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിർമാണ ചുമതല. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി ഉത്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സമ്മേളനത്തിൽ കാപ്‌കോസ് ചെയർമാൻ കെ.എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, ജില്ലാകലക്റ്റർ വി. വിഗ്‌നേശ്വരി, നബാർഡ് ചീഫ് ജനറൽ മാനേജർ ജി. ഗോപകുമാരൻനായർ, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. ആർ.രാംകുമാർ, കാപ്‌കോസ് ഡയറക്റ്റർ കെ.ജയകൃഷ്ണൻ, സെക്രട്ടറി കെ.ജെ.അനിൽകുമാർ, ജോയിന്റ് രജിസ്ട്രാർ എൻ.വിജയകുമാർ, കോട്ടയം ഡി.സി.എച്ച് വൈസ് പ്രസിഡന്റ് കെ.എൻ.വേണുഗോപാൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി.റസൽ, അഡ്വ. വി.ബി.ബിനു, പ്രൊഫ.ലോപ്പസ് മാത്യു, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു എന്നിവർ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*