
തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
കോളജില്‍ റാഗിംഗ് നടന്നതായി ആന്റി റാഗിംഗ് കമ്മിറ്റി ഉള്‍പ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി -റാഗിംങ് കമ്മിറ്റിയാണ് കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്.
സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴ് പേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ ഇന്ന് കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
Be the first to comment