
ലൈംഗിക പീഡനക്കേസില്‍ കുരുക്കിലായ ജെഡിഎസ് നേതാവും എംഎല്‍എയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദേശ കാര്യ മന്ത്രാലയത്തോട് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പ്രധാനമന്ത്രി നിര്‌ദേശിക്കണമെന്നു സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു.
മേയ് ആദ്യവാരം സമാന ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നില്ല. അന്വേഷണ സംഘം വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിനും മറുപടി ലഭിച്ചിരുന്നില്ല. നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ധാക്കിയാല്‍ പ്രജ്വലിനെ നാട്ടില്‍ എത്തിച്ച് അറസ്റ്റു ചെയ്യാനാകും. ജര്‍മനിയില്‍ തുടരുന്ന പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ ബ്ലൂ-റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിച്ചിരുന്നു.
ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിന്‍ബലത്തിലാണ് അന്വേഷണ സംഘം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാല്‍ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടാല്‍ പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വല്‍ ഇപ്പോള്‍ ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്നത്.
ലോക്‌സഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഇല്ലാതായാല്‍ മാത്രമേ വിദേശത്തു വെച്ച് ഇന്റര്‍ പോളിന് പ്രതിയെ പിടികൂടി ഇന്ത്യയിലെ അന്വേഷണ സംഘത്തിന് കൈമാറാന്‍ കഴിയുകയുള്ളൂ. പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയാണ് കര്‍ണാടക ആഭ്യന്തര വകുപ്പ്.
Be the first to comment