പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചില്‍ നടത്താന്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. അഞ്ച് നോട്ടിക്കല്‍ മൈലിന് മുകളിലാണ് നിലവില്‍ പുഴയിലെ ഒഴുക്ക്. ഈ സാഹചര്യത്തില്‍ പുഴയില്‍ ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ചായിരിക്കും പരിശോധന.

അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

ജൂലൈ 16ന് കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിലാണ് മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായത്. അര്‍ജുനായി ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അര്‍ജുന്റെ ലോറി ഗംഗാവാലി പുഴയിലുണ്ടാകാമെന്നാണ് സൂചന. പ്രാദേശിക നീന്തല്‍ വിദഗ്ധരടക്കം എത്തി പരിശോധന നടത്തിയെങ്കിലും പുഴയിലെ ഒഴുക്ക് വെല്ലുവിളിയാവുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*