മോദി പ്രഭാവം ഏശിയില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം. നിലവില്‍ 118 സീറ്റുകള്‍ക്കാണ്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 73, ജെഡിഎസ് 26, മറ്റുള്ളവര്‍ 8 എന്നിങ്ങനെയുമാണ് സീറ്റ് നില. കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

ഭരണത്തുടര്‍ച്ചയുണ്ടാകാത്ത 38 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം നിറഞ്ഞുനിന്നത്. പ്രധാനമന്ത്രി മോദിയെ ഇറക്കി കളിച്ചെങ്കിലും അതൊന്നും ഏശിയില്ലെന്നാണ് നിലവിലെ ഫലസൂചികകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുന്നേറുകയാണ്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ ലക്ഷ്മണ്‍ സവാദിയും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിലെത്തിയ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ മുന്നിലായിരുന്നെങ്കിലും നിലവില്‍ പിന്നിലാണ്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പല എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 2018ല്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചു. 14 മാസത്തിനുശേഷം ബി.ജെ.പിയിലേക്കുള്ള കൂട്ട കൂറുമാറ്റത്തിന് ശേഷം സര്‍ക്കാര്‍ വീഴുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*