ബംഗളുരു: കര്‍ണാടകയിൽ സിഗിരറ്റുകളുടെയും പുകയില ഉത്പന്നങ്ങളുടെയും വിൽപനയും ഉപയോഗവും സംബന്ധിക്കുന്ന പുതിയ നിയമം പാസായി. സംസ്ഥാന പുകയില ഉത്പന്നങ്ങളുടെ വിൽപന കർശന നിബന്ധനകള്‍ക്ക് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്. സിഗിരറ്റുകള്‍ വാങ്ങാനുള്ള നിയമപരമായ പ്രായപരിധി ഉയർത്തിയതാണ് പ്രധാന മാറ്റം.
നിലവിൽ 18 വയസ് പ്രായമുള്ളവർക്ക് സിഗിരറ്റ് വാങ്ങാൻ അനുമതിയുണ്ടായിരുന്നെങ്കിൽ ഇനി അത് 21 വയസാക്കി ഉയർത്തും. ഇനി മുതൽ 21 വയസിൽ താഴെയുള്ള വ്യക്തികൾക്ക് സിഗിരറ്റുകള്‍ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സ്കൂളുകള്‍ക്ക് 100 മീറ്റര്‍ പരിധിയിൽ സിഗിരറ്റുകള്‍ വിൽക്കുന്നതിനും നിയന്ത്രണമുണ്ടാകും. ഈ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴ പരമാവധി 1000 രൂപയാക്കി നിജപ്പെടുത്തി. നേരത്തെ ഇത് 10,000 രൂപയായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. വ്യാപാരികളുടെ ആശങ്കകള്‍ കണക്കിലെടുത്താണ് പരമാവധി പിഴത്തുക കുറച്ചത്.
ഹുക്ക ബാറുകള്‍ സംബന്ധിക്കുന്ന ചട്ടങ്ങളും പുതിയ നിയമത്തിലുണ്ട്. ഭക്ഷണശാലകള്‍, പബ്ബുകൾ, റസ്റ്റോറന്റുകള്‍ എന്നിങ്ങനെ ഒരു സ്ഥാപനത്തിന്റെയും അകത്ത് ഹുക്ക വലിക്കാൻ അനുവാദമുണ്ടാകില്ല. അങ്ങനെ ചെയ്താൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും. ഹുക്ക വലിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ നിയന്ത്രണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വലിക്കുന്നവർക്ക് മാത്രമല്ല, അടുത്ത് നിൽക്കുന്നവർക്കും ഹുക്ക പ്രശ്നമുണ്ടാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് പുകയില ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും സംബന്ധിച്ച ചട്ടങ്ങളും ഇപ്പോഴത്തെ നിയമമുണ്ട്.
Be the first to comment