കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; രണ്ട് വർഷം കൊണ്ട് നൽകിയത് 3030 കോടിയുടെ സൗജന്യ ചികിത്സ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 28,75,455 ക്ലെയിമുകളിലൂടെയാണ് ഇത്രയും പേർക്ക് സൗജന്യ ചികിത്സ നൽകാനായത്. 

ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ ആകെ നൽകിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തിൽ നിന്നാണ്. കേരളത്തിൽ മിനിറ്റിൽ 3 രോഗികൾ എന്ന ക്രമത്തിൽ പദ്ധതിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ഈ പദ്ധതിയിൽ എംപാനൽ ചെയ്യപ്പെട്ട എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 21.5 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് 60:40 അനുപാതത്തിൽ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതിൽ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയിൽ കണക്കാക്കി അതിന്റെ 60% ആയ 631.2 രൂപ നിരക്കിൽ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വർഷത്തിൽ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സാ ചെലവിന്റെ 90% ത്തോളം സംസ്ഥാന സർക്കാരാണ് നിർഹിക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കിൽ എപിഎൽ, ബിപിഎൽ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പൈടുത്തിയും സൗജന്യ ചികിത്സ നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*