കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: എ സി മൊയ്തീന്‍, എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി. ഇരുപത് പ്രതികള്‍ അടങ്ങുന്ന രണ്ടാംഘട്ട പ്രതിപട്ടികയ്ക്ക് ഇ ഡി ആസ്ഥാനം അനുമതി നല്‍കി. മൂന്നാംഘട്ട പ്രതിപട്ടികയ്ക്ക് കൂടി അംഗീകാരം ലഭിച്ചശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.

മക്കേടിലൂടെ ലോണ്‍ തരപ്പെടുത്തിയവരും കേസില്‍ പ്രതികളാകും. ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് പ്രതി പട്ടിക അംഗീകരിച്ചത്. കേസില്‍ ആകെ 80ലധികം പ്രതികള്‍ വരും എന്നാണ് വിവരം. കൂടുതല്‍ സിപിഐഎം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നേരത്തെ, കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ പാര്‍ട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ എം പി പ്രതികരിച്ചിരുന്നു. കേസില്‍ സാക്ഷിയാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാര്‍ട്ടിയില്‍ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവര്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് പണം സമാഹരിക്കാന്‍ ബാങ്കില്‍ നിന്ന് കക്കേണ്ട ആവശ്യം ഇല്ലെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*